District News
ചാലക്കുടി: സെന്റ് ജെയിംസ് ആശുപത്രിയുടെ 37ാംവാർഷികം യുവജന ക്ഷേമ സ്പോർട്സ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് - ആശുപത്രി രക്ഷാധികാരി മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.ആശുപത്രി ഡയറക്ടറും ഇരിങ്ങാലക്കുട രൂപത വികാരിജനറാളുമായ ഡോ.ആന്റു ആലപ്പാടൻ സ്വാഗതം പറഞ്ഞു. കാത്തലിക്ക് ഹെൽത്ത്കെയർ അസോസിയേഷൻ ഓഫ് ഇന്ത്യ കേരളഘടകം പ്രസിഡന്റും കാരിത്താസ് ആശുപത്രി ഡയറക്ടറുമായ ഫാ.ബിനു കുന്നത്ത് മുഖ്യാതിഥിയായിരുന്നു. സെന്റ്് ജെയിംസ് ആശുപത്രിയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡോ. ഇട്ടൂപ്പ്, ഡോ. എം.ആർ. മുരളി, ഡോ. വി.ടി. തോമാസ് എന്നിവരെ ആശുപത്രി ട്രസ്റ്റ് പ്രസിഡന്റ്് മോൺ.ജോസ് മാളിയേക്കൽ ആദരിച്ചു.
സെന്റ് ജെയിംസ് റീനൽ കെയർ മിഷൻ നടത്തുന്ന സൗജന്യ ഡയാലിസിസിലേക്ക് 11.5 ലക്ഷംക സമാഹരിച്ച് നൽകിയ ആശുപത്രി റീഇംബേഴ്സ്മെന്റ് ജീവനക്കാരനായ ജോൺസൻ ആലപ്പാട്ടിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. നഴ്സ് എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ വി.വി. നിഷയ്ക്ക് ഗോൾഡ്മെഡൽ സമ്മാനിച്ചു. നാലു മക്കൾക്ക് ജന്മം നൽകിയ ഒൻപത് ദമ്പതികൾക്ക് ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് ഗോപുരവും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. താര തോമസും പുരസ്കാരങ്ങൾ നൽകി.
ഓർത്തോപീഡിക്സ് വിഭാഗം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഡോ.പ്രസാദ് വർക്കിയേയും ഡിപ്പാർട്ട്മെന്റ്് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പി.പി. സുനിലിനെയും നിയുക്ത ഡയറക്ടർ ഫാ.ആന്റണി മുക്കാട്ടുകരക്കാരൻ അനുമോദിച്ചു.
ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അസോ. ഡയറക്ടർ ഫാ.സോജോ കണ്ണമ്പുഴ അവാർഡുകൾ നൽകി. നഴ്സിംഗ് സുപ്രണ്ട് സിസ്റ്റർ റുബീന, ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ. കൃഷ്ണകുമാർ, മെഡിക്കൽ സുപ്രണ്ട് ഡോ. വി. പ്രകാശ്, പ്രോഗ്രാം കൺവീനർ വിജേഷ്, സെന്റ് ജെയിംസ് പി.ആർഒ ഫാ. നവിൻ ഊക്കൻ എന്നിവർ പ്രസംഗിച്ചു.
District News
കോട്ടയം: പെരുവന്താനം സെന്റ് ആന്റണീസ് കോളജ് സ്കിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേൾഡ് യൂത്ത് സ്കിൽ ഡേ ആഘോഷവും പ്രദർശനവും സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ നിർവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു കോഡിനേറ്റർമാരായ ആഷിൻ ജോസ്, മോനിഷ എം മോഹനൻ, എൽദോസ് ബേബി, റ്റോബി സണ്ണി എന്നിവർ നേതൃത്വം നൽകി ക്ലബ്ബിന്റെ അംഗങ്ങളായ വിദ്യാർഥികൾ ഒരുക്കിയ 42 സ്റ്റാളുകൾ ഉണ്ടായിരുന്നു കൂടാതെ വിവിധ പ്രോജക്ട് ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു.
മത്സരാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ട പ്രദർശനങ്ങൾക്ക് സമ്മാനങ്ങൾ നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും വിവിധ ആപ്പുകളുടെ അവതരണവും പ്രദർശനത്തിനുമിഴിവേകി. സ്റ്റാർട്ടപ്പുകളായി വളർത്തി എടുക്കാൻ സാധിക്കുന്ന ആശയങ്ങൾക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്ന് കോളജ് അധികൃതർ അറിയിച്ചു.
NRI
ഫിലഡൽഫിയ: അമേരിക്കയുടെ 250 -ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (പമ്പ) ഫിലഡൽഫിയയിലെ ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വിപുലമായ ജനപങ്കാളിത്തത്തോടെയും ഗംഭീരമായ ചടങ്ങുകളോടെയും നടന്നു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷത്തെ മഹത്തായ പൈതൃകത്തെയും ഇന്ത്യൻഅമേരിക്കൻ സമൂഹത്തിന്റെ സംഭാവനകളെയും ഒരുപോലെ ആദരിച്ച ഈ ആഘോഷത്തിൽ നഗര, സംസ്ഥാന തലങ്ങളിലെ ജനപ്രതിനിധികളും പൊതുസുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ദേശീയപ്രാദേശിക സംഘടനകളുടെ നേതാക്കളും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു പമ്പയുടെ ഈ ആഘോഷം. സാമൂഹിക സൗഹൃദ സമ്മേളനത്തോടെയും സംഗീതവിരുന്നോടെയും ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുമോദ് നേതൃത്വം നൽകി.
ജോയിന്റ് സെക്രട്ടറി അഭിലാഷ് ജോൺ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. പമ്പ പ്രസിഡന്റ് അലക്സ് തോമസ്, പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ഷരീഫ് സ്ട്രീറ്റ്, ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗങ്ങളായ ഡോ. നീന അഹമ്മദ്, മൈക്കൽ ഡ്രിസ്കോൾ, ഫിലഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാം, ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് ഓലിക്കൽ, ട്രഷറർ ജോയ് തട്ടാരുകുന്നേൽ, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ സുധ കർത്ത, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
റവ. എം. കെ. കുര്യാക്കോസ് അമേരിക്കയുടെ 250 വർഷത്തെ യാത്രയ്ക്ക് നന്ദി അർപ്പിച്ച പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അമേരിക്കൻ ദേശീയഗാനം ഏയ്ഞ്ചൽ മേരി റേച്ചൽ തോമസും ഇന്ത്യൻ ദേശീയഗാനം സൗമ്യ തോമസും ആലപിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് ഓലിക്കൽ സ്വാഗതപ്രസംഗത്തിൽ അമേരിക്കൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും മലയാളി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വത്തെയും എടുത്തുപറഞ്ഞു.
പമ്പ പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ അമേരിക്ക നൽകിയ അവസരങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും സമൂഹ ഐക്യവും പൊതുസേവനവും ശക്തിപ്പെടുത്താൻ എല്ലാവരും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഡോ. ഈപ്പൻ ഡാനിയേൽ അവതരിപ്പിച്ച "അമേരിക്കയുടെ 250 വർഷങ്ങൾ' ഡോക്യുമെന്ററി അമേരിക്കയുടെ സ്വാതന്ത്ര്യ സമരചരിത്രവും ഭരണഘടനാപരമായ വളർച്ചയും ജനാധിപത്യ പാരമ്പര്യവും സവിശേഷമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
തുടർന്ന് പൊതുസുരക്ഷാ വിഭാഗത്തിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മൈക്ക് ക്രാം, ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗം ഡോ. നീന അഹമ്മദ് എന്നിവരെ ആദരിച്ചു.
ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകിയ പയനിയർ സമൂഹനേതാവ് പി. ടി. മാത്യുവിനെ പ്രത്യേക ആദരവോടെ അനുമോദിച്ചു. ഈ ആദരിക്കൽ ചടങ്ങിന്റെ ഏകോപനം ജോർജ് ഓലിക്കൽ നിർവഹിച്ചു.
പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗമായിരുന്നു 1998 മുതൽ 2026 വരെ പമ്പയെ നയിച്ച മുൻ പ്രസിഡന്റുമാരെ ആദരിച്ച ചടങ്ങ്. സംഘടനയുടെ വളർച്ചയ്ക്കും ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും നൽകിയ വിലമതിക്കാനാവാത്ത നേതൃത്വത്തിനുള്ള അംഗീകാരമായി മുൻ പ്രസിഡന്റുമാർക്ക് പ്രത്യേക സ്മാരക ഫലകങ്ങൾ സമ്മാനിച്ചു.
ഈ പ്രത്യേക ആദരിക്കൽ ചടങ്ങിന്റെ ഏകോപന ചുമതല തോമസ് പോളും സെലിൻ ഓലിക്കലും നിർവഹിച്ചു. ഫിലഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാംയും ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗം ഡോ. നീന അഹമ്മദും ചേർന്നാണ് മുൻ പ്രസിഡന്റുമാർക്ക് ആദരസൂചക ഫലകങ്ങൾ വിതരണം ചെയ്തത്.
പൊതുസുരക്ഷാ വിഭാഗത്തിൽ സേവനം അനുഷ്ടിക്കുന്നവരെ ആദരിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാം, ക്യാപ്റ്റൻ ടി. ജെ. തോമസൺ, സർജന്റ് ബ്ലെസൺ മാത്യു എന്നിവർക്ക് പൊതുസുരക്ഷാ രംഗത്തെ മാതൃകാപരമായ സേവനത്തിന് പ്രത്യേക അംഗീകാര ഫലകങ്ങൾ സമ്മാനിച്ചു.
ഈ ആദരിക്കൽ ചടങ്ങിന്റെ ഏകോപന ചുമതല ഡോ. ഈപ്പൻ ഡാനിയേൽ, ജോയ് തട്ടാരുകുന്നേൽ എന്നിവർ നിർവഹിച്ചു.
Kerala
തൃശൂർ: ഇന്ത്യക്കു പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഒരുവർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഒന്‍പതു മുതൽ 12 വരെ നടക്കുന്ന കൺവൻഷനോടെ സമാപിക്കും. രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
അമേരിക്കയിലെ ഷിക്കാഗോ മക്കോർമിക്ക് പ്ലേയിസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള മൂവായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. സീറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരും.
സമാപനസമ്മേളനത്തിൽ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.
പൊതുസമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ തോമസ് തറയിൽ, മാർ ജോസ് കല്ലുവേലിൽ, മാർ ഏൾ ഫെർണാണ്ടസ്, സീറോ മലങ്കര സഭാ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ് എന്നിവർ പങ്കെടുക്കും.
ബാഹ്യമായ കണ്ണുകൾ കൊണ്ടല്ല, വിശ്വാസത്താലാണ് ഞങ്ങൾ സഞ്ചരിക്കുന്നത് എന്ന ബൈബിൾ വാക്യമാണ് കൺവൻഷന്റെ പ്രധാന തീം. സിനിമാ താരങ്ങളായ ജയറാം, പാർവതി, കാളിദാസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് പ്രസന്നൻ പിള്ള, സെക്രട്ടറി അലൻ ജോർജ്, ഫാ. തോമസ് കടുകപ്പിള്ളിൽ, ഫാ. ജോൺ മേലേപ്പുറം, റോസ് വടകര, അനിൽ മറ്റത്തികുന്നേൽ, ബിജു കിഴക്കേക്കുറ്റ്, ബിജു സഖറിയ,സാജു കണ്ണമ്പിള്ളി, അനിൽ ശ്രീനിവാസൻ, വർഗീസ് പാലമയിൽ, ഡൊമിനിക് ചൊള്ളമ്പേൽ എന്നിവർ പങ്കെടുത്തു.
District News
ഏറ്റുമാനൂർ : വെട്ടിമുകൾ വിക്ടറി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. ലൈബ്രറി പ്രസിഡന്റ് സിറിൾ. ജി. നരിക്കുഴി അധ്യക്ഷത വഹിച്ച യോഗം കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ ടി.പി. മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കവിയത്രിയും ഗ്രന്ഥശാല കമ്മിറ്റി അംഗവുമായ ജയശ്രീ പള്ളിക്കൽ, സെക്രട്ടറി എം.ഡി. ജോസ്, ജോസ് വെമ്പേനി, സെബാസ്റ്റ്യൻ വട്ടമല തുടങ്ങിയവർ പ്രസംഗിച്ചു.
പുന്നത്തുറ: ഗവൺമെന്റ് യുപി സ്കൂളിൽ പുന്നത്തുറ വൈഎംഎ ലൈബ്രറിയുടെ നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാദിനചാരണവും നടത്തി. നഗരസഭാ വൈസ്ചെയർപേഴ്സൺ പുഷ്പ വിജയകുമാർ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് കെ.എൻ. രഞ്ജിത്കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബിബിൻ ബാബു, പ്രിയ സജീവ്, ജിഷ പ്രദീപ്, പഞ്ചായത്ത് അംഗം സനൽ കാട്ടാത്തി, പ്രധാനാധ്യാപകൻ ബിജോ ജോസഫ്, സതീശൻ നമ്പൂതിരി, രാജു എബ്രഹാം, എം.സി. ജോസ്, സി.കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
District News
ഭരണങ്ങാനം: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയദിനാഘോഷം ഇന്നു രാവിലെ 10.30ന് സെന്റ് മേരീസ് പള്ളി പാരിഷ് ഹാളില്‍ നടക്കും. സ്കൂള്‍ മാനേജര്‍ ഫാ. സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനം മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി, പഞ്ചായത്ത് മെംബര്‍ കെ.ടി. തോമസ് കിഴക്കേക്കര, പ്രിന്‍സിപ്പല്‍ ജോബി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര് പി.ഐ. ബെന്നിച്ചന്, പിടിഎ പ്രസിഡന്റ് ജോബി ജോസ്, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോണ്‍ കണ്ണന്താനം, ലിന്‍സി ജോസഫ്, ലിന്‍മേരി അല്‍ഫോന്‍സ സ്റ്റീഫന്‍, പീറ്റര്‍ ജോസഫ് ജോയി തുടങ്ങിയവര്‍ പ്രസംഗിക്കും. ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
എം. ജി. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ പൂര്‍വ വിദ്യാര്‍ഥികളെയും സമ്മേളനത്തില്‍ ആദരിക്കും.
Kerala
തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം തുക വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യമന്ത്രിസഭയിൽതന്നെ 3000 രൂപ ഉയർത്തിയ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ ആശാകേരളം വിജയസംഗമം നടത്തി. വാദ്ഗാനം പാലിച്ച് 3000 രൂപ ഉയർത്തിയതോടെ സമരം ചെയ്ത ആശമാർ നേടിയത് മൊത്തം 5000 രൂപയുടെ വർധനയാണ്.
സമര പ്രവർത്തകർക്കും പിന്തുണച്ച മുഴുവൻ ജനങ്ങൾക്കും വിജയാഹ്ലാദത്തിന്റെ ഭാഗമായി പായസം വിതരണം ചെയ്തു. സമരത്തിന് വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ചവരെ ആശമാർ പൊന്നാടയണിയിച്ച് ആദരിച്ചു.
ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം നഷ്ടമായ ചലച്ചിത്രതാരം പ്രേംകുമാർ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള ആശ ഹെൽത്ത് വർക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, വൈസ് പ്രസിഡന്റുമാരായ എസ്. മിനി, കെ.പി. റോസമ്മ, കൊടിക്കുന്നിൽ സുരേഷ് എംപി, എൻ.കെ. പ്രേമചന്ദ്രൻ എംപി, പ്രഫ.എം.പി. മത്തായി, ജോസഫ് സി. മാത്യു, ഡോ. ആസാദ്, ഒ.വി. ഉഷ, റെജിമോൻ കുട്ടപ്പൻ, ജയ്സണ്‍ ജോസഫ്, കുസുമം, പി.ഇ. ഉഷ, ജോസഫ് എം. പുതുശേരി, വി.ജെ. ലാലി, ബാബു കുട്ടൻചിറ, മജീദ് ഖാൻ, ജെയ്ൻ ആൻസിൽ ഫ്രാൻസിസ്, മൈക്കിൾ, ഡോ. ആരിഫ, ബി.കെ. രാജഗോപാൽ, ഗോവിന്ദ് ശശി, പി.എച്ച്. അഷറഫ്, ഡോ. നൗഷാദ്, പി.സി. ജോർജ്, രമ്യ റോഷ്നി, അനിത, തോംസണ്‍ ലോറൻസ്, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.
District News
എറവ് കപ്പൽ പള്ളി
വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഫാ. ഫ്രാൻസിസ് കൂത്തൂർ കൊടിയേറ്റി. ഇടവകാംഗമായ ജോബി ചാലയ്ക്കൽ, സഹവികാരി ഫാ. റിജോ മാഞ്ഞൂരാൻ എന്നിവർ സഹകാർമികരായി. വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായി. ഇന്നു വൈകീട്ട് 5.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന - ഫാ. ഇലോയ് ചിറമ്മൽ കാർമികനാകും. നാളെ വൈകീട്ട് 5.30ന് കൂടുതുറക്കൽ. ദിവ്യബലി, മറ്റു തിരുക്കർമങ്ങൾ. ഫാ. ഏക്ടൺ പെല്ലിശേരി കാർമികനാകും.
തിരുനാൾ ജനറൽ കൺവീനർ ഡേവിസ് കാഞ്ഞിരത്തിങ്കൽ, കൈക്കാരന്മാരായ മാർട്ടിൻ ചക്കനാത്ത്, ബിജോ ജോർജ്, സി.ഒ. വർഗീസ്, കെ.ജെ. പോൾ എന്നിവർ കൊടിയേറ്റ ചടങ്ങുകൾക്കു നേതൃത്വം നൽകി. മേയ് ഒന്നിനാണ് തിരുനാൾ.
ചിയ്യാരം വിജയമാതാ
ദേവാലയം
പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ മേയ് ഒമ്പത്, 10, 11, ദിവസങ്ങളിലായി ആഘോഷിക്കും. മെയ് ഒന്നിന് രാവിലെ ആറിനുള്ള കുർബാനയ്ക്കുശേഷം തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കൊടിയേറ്റം നിർവഹിക്കും. വൈകീട്ട് നാലിന് കൂടുതുറക്കലിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് കൂത്തൂർ മുഖ്യകാർമികത്വംവഹിക്കും. രാത്രി 10ന് ഇടവകയിലെ യൂണിറ്റുകളിൽനിന്നുള്ള അമ്പ് പ്രദക്ഷിണം ദേവാലയത്തിൽ എത്തിച്ചേരും.
തിരുനാൾദിനത്തിൽ രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. അമൽ ചാഴൂർ മുഖ്യകാർമികത്വംവഹിക്കും.
മുളയം മേരിമാത മേജർ സെമിനാരിയിലെ ഫാ. റോബിൻ കുന്താണിയിൽ തിരുനാൾസന്ദേശം നൽകും. തെലങ്കാന ഷാനഗർ സെന്റ് ജോസഫ് മിഷൻ സെന്ററിലെ ഫാ. സ്റ്റെബിൻ പൊന്തേക്കൻ സഹകാർമികനായിരിക്കും.
വാർത്താസമ്മേളനത്തിൽ ചിയ്യാരം വിജയമാതാ ദേവാലയ വികാരി ഫാ. പ്രിൻസ് പൂവത്തിങ്കൽ, ജനറൽ കൺവീനർ മേജോ കളപ്പുരയ്ക്കൽ, പബ്ലിസിറ്റി കൺവീനർ സിംസൺ പുല്ലുപറമ്പിൽ, കൈക്കാരന്മാരായ യേശുദാസ് ഫ്രാൻസിസ്, ആൻജോ സി. ആന്റണി, ഫിൽജോ ജോയ് എന്നിവർ പങ്കെടുത്തു.
NRI
സ്റ്റീവനേജ്: യുകെയിലെ പ്രമുഖ സാംസ്കാരിക - സാമൂഹ്യ മലയാളി അസോസിയേഷനുകളിലൊന്നായ "സർഗം സ്റ്റീവനേജ്' ബാൺവെൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം വർണാഭമായി.
സർഗം സ്റ്റീവനേജിന്റെ നവ സാരഥികൾ തങ്ങളുടെ പ്രഥമ ആഘോഷം സംഘാടക മികവുകൊണ്ടും അവതരണ കലാ വൈഭവം കൊണ്ടും ശ്രദ്ധേയമാക്കി.
അടുത്തിടെ അന്തരിച്ച സർഗം അംഗം ജേക്കബ് ജോർജിന്റെ അനുസ്മരണത്തോടെയും ലോകസമാധാനത്തിനായി നടത്തിയ മൗന പ്രാർഥനയോടെയും ആരംഭിച്ച പരിപാടിയിലേക്ക് പ്രസിഡന്റ് മേഴ്സി മാത്യു ഏവർക്കും സ്വാഗതം ആശംസിച്ചു.
തുടർന്ന് ഈസ്റ്റർ ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനകർമം സർഗം കമ്മിറ്റി ഭാരവാഹികൾ ചേർന്ന് നിലവിളക്കു കൊളുത്തിക്കൊണ്ട് നിർവഹിച്ചു.
വെൽക്കം സ്കിറ്റിൽ പുണ്യാഘോഷത്രയങ്ങളുടെ നന്മയും പ്രതീക്ഷയും സന്ദേശവും സമന്വയിപ്പിച്ചവതിരിപ്പിച്ച സംഗീത നൃത്ത നടനം പ്രമേയ സമ്പന്നതായാലും കലാ വൈഭവം കൊണ്ടും പശ്ചാത്തല സംവിധാന മികവുകൊണ്ടും പ്രൗഢഗംഭീരമായി.
വെൽക്കം സ്കിറ്റ് "ഫെസ്റ്റിവ് ഹാർമണി' പരിപാടിയിലെ ഹൈലൈറ്റായി. സ്വരലയ താളമേളങ്ങളോടെ വേദിയിൽ ചെണ്ടകളുടെ പെരുമ്പുറ മുഴക്കി നിറഞ്ഞാടിയ "സർഗം മേളക്കാർ' ഒരുക്കിയ ശിങ്കാളി മേളം സദസിൽ ആവേശത്തിരയിളക്കി
വിഷുക്കണിയുടെ പ്രമേയവും പാരമ്പര്യവും പൈതൃകവും സമന്വയിച്ച സ്കിറ്റിലൂടെ ജോണി കല്ലടാന്തിയിൽ, ലൈസാ ജോണി, ജേഡൻ, ഐഷ എന്നിവർ ചേർന്ന് അവതരിപ്പിച്ച വിഷുക്കണി ഗൃഹാതുരത്വം ഉണർത്തി.
ലേഖാ സുരേഷാണ് സംവിധാനം നിർവഹിച്ചത്. വിവിധ കാറ്റഗറികളിലായി നടത്തിയ "റാംപ് വാക്ക്' മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി. വിജയികൾക്കുള്ള ഉപഹാരങ്ങൾ പ്രോഗ്രാം സ്പോൺസേർസ് പിന്നീട് വിതരണം ചെയ്തു.
District News
പഴൂക്കര സെന്റ് ജോസഫ്സ് പള്ളി
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഇന്നു മുതൽ മെയ് അഞ്ചുവരെ നടക്കും. തിരുനാൾ കൊടികയറ്റം ഇന്ന് വൈകിട്ട് 5.30ന് നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവ നടക്കും. 26നും മെയ് രണ്ടിനും രാവിലെ 6 .30നാണ് തിരുകർമങ്ങൾ. മെയ് രണ്ടിന് രാവിലെ 6.30നുള്ള തിരുകർമങ്ങളെ തുടർന്ന് വിശുദ്ധ രൂപം പൊതുവണക്കത്തിന് പന്തലിലേക്ക് എഴുന്നള്ളിച്ചുവയ്ക്കും. തിരുനാൾ ദിനമായ മെയ് മൂന്നിന് രാവിലെ 6.30ന് ദിവ്യബലിയെ തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പും വിതരണവും. പത്തിന് ആഘോഷമായ തിരുനാൾ ദിവ്യബലി. ഫാ. വിനിൽ കുരിശുതറ മുഖ്യ കാർമികനാകും. ഫാ. ജോജി കല്ലിങ്ങൽ തിരുനാൾ സന്ദേശംനൽകും. വൈകീട്ട് നാലിനുള്ള ദിവ്യബലിയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം. പ്രദക്ഷിണ സമാപന ശേഷം വർണമഴ, ഗാനമേള എന്നിവ നടക്കും.
മെയ് നാലിന് രാവിലെ 6.15ന് പരേതർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന, സെമിത്തേരിയിൽ ഒപ്പീസ്. വൈകീട്ട് ആറിന് രണ്ട് അങ്ങാടികളിൽനിന്നു പള്ളിയിലേക്ക് വള എഴുന്നള്ളിപ്പ്. മെയ് അഞ്ചിന് രോഗീദിനത്തിൽ കിടപ്പുരോഗികളുടെ ഒത്തുചേരൽ. തിരുനാൾദിനം രാവിലെ മുതൽ വിശുദ്ധന്റെ വള, ലില്ലിപ്പൂവ് എന്നിവ എഴുന്നള്ളിച്ചുവയ്ക്കുന്നതിനും അടിമ സമർപ്പണം നടത്തുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്ന് പത്രസമ്മേളനത്തിൽ വികാരി ഫാ. ഷാബു പുത്തൂർ, ട്രസ്റ്റി ജോസഫ് ആചാണ്ടി, ജനറൽ കൺവീനർ ബാബു ചക്കാലമറ്റത്ത്, ബാബു ആട്ടോക്കാരൻ, സി.എൽ. ബാബു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പള്ളിനട സെന്റ് ജോസഫ്
ദേവാലയം
വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ കൊടിയേറ്റ് നിർവഹിച്ചു. ഇടവക വികാരി ഫാ. ജിജോ ചക്യേത്ത്, കൈക്കാരൻമാരായ സിബിൻ ജോയ് എലിഞ്ഞിക്കൽ, വിബിൻ പുളിക്കൻ, ജനറൽ കൺവീനർ ബോബി മാളിയേക്കൽ എന്നിവർ നേതൃത്വംനൽകി.
30ന് വൈകീട്ട് ഏഴിന് അഖിലകേരള വടംവലി മത്സരം ഉണ്ടാകും. മേയ് ഒന്നിന് വൈകീട്ട് 6.30ന് ലൈറ്റ് സ്വിച്ച് ഓൺ, 6.45ന് ഇടവകാദിനാചരണം, തുടർന്ന് വൺമാൻഷോ എന്നിവ നടക്കും. രണ്ടിന് വൈകീട്ട് ഏഴിന് ഗാനമേളയുണ്ടാകും. തിരുനാൾ ദിനമായ മേയ് മൂന്നിനു രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുർബാനയ്ക്ക് ഫാ. ജോബി കടപ്പൂരാൻ മുഖ്യകാർമികത്വംവഹിക്കും.
ഫാ. റോബിൻ പാലാട്ടി തിരുനാൾ സന്ദേശം നൽകും. തുടർന്ന് ഊട്ടുവെഞ്ചരിപ്പും 2.30 വരെ നേർച്ചയൂട്ടും ഉണ്ടാകും. വൈകീട്ട് നാലിന് തിരുനാൾ പ്രദക്ഷിണം, തുടർന്ന് ബാൻഡ് മേളം, വർണമഴ എന്നിവയുണ്ടായിരിക്കും.
പരിയാരം സെന്റ് ജോർജ്
ദേവാലയം
ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെ ഊട്ടുതിരുനാളിന് ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ കൊടികയറ്റി.
തിരുനാൾ ദിനമായ 26ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് നേർച്ച ഊട്ട് ഉണ്ടായിരിക്കും. വൈകീട്ട് 4.30ന് തിരുനാൾ പ്രദക്ഷിണം. പരിപാടികൾക്ക് വികാരി ഫാ. വിൽസൺ എലുവത്തിങ്കൽ കൂനൻ, സഹവികാരി ഫാ. സിബി പുത്തൻപുരയ്ക്കൽ, കൈക്കാരന്മാരായ ഷൈജു പോട്ടക്കാരൻ, ജോസ് പാറക്ക, ജോയ് ചില്ലായി, തിരുനാൾ കമ്മിറ്റി കൺവീനർ തോമസ് തെക്കേക്കര, ജോയിന്റ് കൺവീനർമാരായ പി.ഒ. ജോസ് പാറക്ക, ബിബിൻ ഞാളിയൻ, ഊട്ടുകൺവീനർ സോജൻ വടക്കുംതല, ഫിനാൻസ് കൺവീനർ പ്രിൻസ് ചുമ്മാർ എന്നിവർ നേതൃത്വംനൽകും.
മതിലകം സെന്റ് ജോസഫ്സ് സീറോ മലബാർ ചർച്ച്
ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദർശനത്തിരുനാളിനു കൊടിയേറി. കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ആംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റി.
ഇടവക വികാരി ഫാ. അരുൺ തെക്കിനേത്ത്, മതിലകം കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ആഗ്നസ് നീലങ്കാവിൽ എസ്എൽഎംഐ, കൈക്കാരന്മാരായ ലോറൻസ് തെക്കേപീടികയിൽ, ബിജു കല്ലറക്കൽ, പ്രസുദേന്തിമാരായ ആന്റണി മൂഞ്ഞേലി, വിക്ടർ പ്രിൻസ് മൂഞ്ഞേലി, ഷാജു പുളിക്കൻ, ഡേവിസ് ചേനൂർ, ആന്റണി കണ്ണേങ്ങാത്ത്, ജോയ് തോമ കല്ലറക്കൽ, വർഗീസ് കണ്ണേങ്ങാത്ത്, ജോബി അങ്കമാലി ജോർജ്, നിജോ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ലദീഞ്ഞ്, നൊവേന, കുർബാന, കലാപരിപാടികൾ തുടങ്ങിയവ നടന്നു. ഇന്നലെ നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ലിൻസ് മേലേപ്പുറം സിഎംഐ മുഖ്യകാർമികനായി. വൈകീട്ട് ഇടവകദിനം ആഘോഷിച്ചു.
ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുകർമങ്ങൾക്ക് ഫാ. ജിൻസൺ ചിരിയങ്കണ്ടത്ത് മുഖ്യകാർമികനാകും. വൈകീട്ട് ഏഴിന് കൊച്ചിൻ മാജിക് വോയിസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും. നാളെ വൈകീട്ട് 4.30 ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, വിശുദ്ധ യൗസേപ്പിതാവിന്റെ പ്രതിഷ്ഠാരൂപം എഴുന്നള്ളിക്കൽ, സാൽവെ ലദീഞ്ഞ് എന്നിവ നടക്കും. ഇടവക വികാരി ഫാ. അരുൺ തെക്കിനേത്ത് മുഖ്യ കാർമികത്വം വഹിക്കും. രാത്രി ഏഴിന് നാടകം അരങ്ങേറും.
തിരുനാൾ ദിനമായ ഞായറാഴ്ച വൈകീട്ട് നാലിനുള്ള ആഘോഷമായ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികനാകും. ഫാ. വിൻസെന്റ് കണിമംഗലത്തുകാരൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം ഉണ്ടാകും. രാത്രി ഏഴിന് ഡിജെ സവാരിയ അരങ്ങേറും.
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയം
വിശുദ്ധ കുരിശുമുത്തപ്പന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും തിരുനാളിന് കൊടിയേറി.
സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ജോ.ഡയറക്ടര്‍ ഫാ. ആന്റണി മൂക്കാട്ടുകരക്കാരന് കൊടിയേറ്റം നിര്‍വഹിച്ചു. മേയ് രണ്ട്, മൂന്ന്, നാല് തിയതികളില്‍ തിരുനാളും മേയ് 10ന് എട്ടാമിടവും മേയ് 17ന് പതിനഞ്ചാമിടവും ആഘോഷിക്കും. വികാരി ഫാ. ജോര്‍ജ് പാറമേന്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പയ്യപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ പ്ലാശേരി, കൈക്കാരന്മാരായ ജോയ് ചുക്കിരിയാന്‍, വിന്‍സന്‍ കുറ്റിക്കാടന്‍, ജോണ്സന് നെരേപറമ്പില്‍, നിക്സന് ചാതേലി തുടങ്ങിയവര്‍ സന്നിഹിതരായി.
Leader Page
ക്രൈസ്തവ വിശ്വാസത്തിന്റെ അന്തഃസത്ത വെളിവാക്കുന്ന വിശുദ്ധ വാരത്തിലെ ഏറ്റവും സുപ്രധാനമായ ദിനങ്ങളിലൊന്നാണ് പെസഹാവ്യാഴം. തന്നെത്തന്നെ പൂർണമായി നൽകുന്ന സ്നേഹത്തിന്റെ ആഘോഷമാണ് ഈ ദിനം. വിനയത്തിന്റെ പാഠമായ പാദക്ഷാളനവും ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുർബാനയുടെ സ്ഥാപനവും വഴി ഈശോമിശിഹാ തന്റെ അനന്തമായ സ്നേഹം ലോകത്തിനു വെളിപ്പെടുത്തി. ഈ ദിനത്തെക്കുറിച്ചുള്ള ധ്യാനങ്ങൾ പ്രധാനമായും മൂന്ന് തലങ്ങളിലൂടെ നമുക്കു ദർശിക്കാം.
► കുഞ്ഞാടായി മാറിയ നല്ലിടയൻ
ഈശോയെക്കുറിച്ച് പുതിയ നിയമം നൽകുന്ന ഏറ്റവും മനോഹരമായ രണ്ടു ചിത്രങ്ങളാണ് ‘നല്ലിടയനും’ (യോഹ 10:11,14) ‘ദൈവത്തിന്റെ കുഞ്ഞാടും’ (യോഹ 1:29, 36). സാധാരണ നിലയിൽ ഒരു ഇടയന്റെ ദൗത്യം ആടുകളെ നയിക്കുക എന്നതാണ്. എന്നാൽ ഈശോ എന്ന ഇടയൻ വ്യത്യസ്തനാകുന്നത് തന്റെ ആടുകൾക്കുവേണ്ടി അവൻതന്നെ കുഞ്ഞാടായി ബലിയർപ്പിക്കപ്പെടുന്നു എന്നതിലാണ്.
‘നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു’ (യോഹ 10:11) എന്ന് പറഞ്ഞപ്പോൾ ഈശോ വിരൽ ചൂണ്ടിയത് തന്റെ മരണത്തിലേക്കായിരുന്നു. പഴയ നിയമത്തിൽ ഇസ്രയേൽ ജനതയുടെ വിമോചനത്തിനായി പെസഹാക്കുഞ്ഞാടിന്റെ രക്തം വാതിൽപ്പടികളിൽ അടയാളമായി ഉപയോഗിച്ചിരുന്നു (പുറ 12:2128). എന്നാൽ, പുതിയ നിയമത്തിൽ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന യഥാർഥ കുഞ്ഞാടായി ഈശോ മാറുന്നു. സ്നാപക യോഹന്നാൻ പ്രവചിച്ചതുപോലെ (യോഹ 1:29), അന്ത്യത്താഴ വേളയിൽ ഈശോ തന്റെ ശരീരവും രക്തവും ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് ആ പ്രവചനം പൂർത്തിയാക്കി. വാസ്തവത്തിൽ നല്ലിടയനാകുന്നതിന്റെ ഭാഗമായി തന്നെയാണ് ഈശോ കുഞ്ഞാടായി മാറിയത്. അതുകൊണ്ടാണ് ഞാൻ നല്ലിടയനാകുന്നു എന്നു പറഞ്ഞ ഉടനെ ഞാൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു എന്ന് ഈശോ പറഞ്ഞത് (യോഹ 10:11,14).
ആടുകളോടുള്ള സ്നേഹത്തെപ്രതി സ്വന്തം ജീവൻ അർപ്പിക്കുന്ന ഈശോയെയാണ് നമുക്കിവിടെ കാണാൻ കഴിയുക. പെസഹാക്കുഞ്ഞാടായി മാറിക്കൊണ്ട് ഈശോ തന്റെ ഇടയദൗത്യം സമാനതകളില്ലാത്ത രീതിയിൽ പൂർത്തിയാക്കി. ആടുകൾക്കു ജീവൻ നൽകാനായി സ്വന്തം ജീവൻതന്നെ അർപ്പിക്കുന്ന കുഞ്ഞാടായി മാറിയ ഈശോ സ്നേഹത്തിന്റെ ഉത്തമ മാതൃക കാണിച്ചു. സ്നേഹിതനുവേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് (യോഹ 15:13) പഠിപ്പിക്കുക മാത്രമല്ല, അത് സ്വന്തം ജീവിതംകൊണ്ട് തെളിയിക്കുകയും ചെയ്ത ബലിയർപ്പകനായ ഇടയനാണ് ക്രിസ്തു.
► പാദക്ഷാളനം: സേവനത്തിന്റെ പുതിയ മാതൃക
അന്ത്യത്താഴവേളയിൽ ഈശോ ചെയ്ത ഏറ്റവും വിപ്ലവാത്മകമായ പ്രവൃത്തി ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതായിരുന്നു (യോഹ 13:4-14). യഹൂദ ആചാരപ്രകാരം ഏറ്റവും താഴ്ന്ന ദാസന്മാർ ചെയ്യുന്ന ജോലിയാണത്. ഗുരുവും കർത്താവുമായവൻ ഒരു ദാസന്റെ വേഷമണിഞ്ഞ് ശിഷ്യന്മാരുടെ പാദങ്ങളിൽ തൊട്ടപ്പോൾ, അധികാരം എന്നത് സേവനമാണെന്ന പുതിയ പാഠം ലോകം പഠിച്ചു.
വഴിതെറ്റിപ്പോകുന്ന ആടുകളെ തേടിപ്പോകുന്ന ഇടയൻ, ഇവിടെ തന്റെ ആടുകളുടെ പാദങ്ങൾ കഴുകി അവരെ വിശുദ്ധീകരിക്കുന്നു. “മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്” (മത്തായി 20: 28) എന്ന വചനം ഇവിടെ അർഥപൂർണമാകുന്നു. അപരന്റെ മുമ്പിൽ ചെറുതാകാനും അവരെ ആദരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് അവരോടുള്ള ആഴമായ സ്നേഹമാണ്. സ്നേഹമുള്ളിടത്ത് വിനയമുണ്ടാകുമെന്നും വിനയമുള്ളിടത്തു മാത്രമേ യഥാർഥ സേവനം സാധ്യമാകൂ എന്നും പാദക്ഷാളനത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുന്നു.
► വിശുദ്ധ കുർബാന: നിത്യമായ ആത്മീയ ഭോജനം
പെസഹാവ്യാഴത്തിന്റെ ഏറ്റവും വലിയ സവിശേഷത വിശുദ്ധ കുർബാനയുടെ സ്ഥാപനമാണ്. ഒരു ഇടയൻ തന്റെ ആടുകളെ പച്ചപ്പുൽപ്പുറങ്ങളിലേക്ക് നയിക്കുന്നതുപോലെ, ഈശോ തന്റെ അനുഗാമികൾക്ക് നിത്യജീവൻ നൽകുന്ന ആത്മീയ ഭക്ഷണം നൽകി. തന്റെ ഭൗതികമായ അസാന്നിധ്യത്തിലും ശിഷ്യന്മാർ ഒറ്റപ്പെട്ടു പോകാതിരിക്കാൻ അവൻ തന്റെ സാന്നിധ്യം അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ അവർക്ക് നൽകി. വിശുദ്ധ കുർബാനയിലാണ് ഈശോയുടെ സ്നേഹം ഏറ്റവും കൂടുതലായി വെളിപ്പെടുന്നത്.
വിശുദ്ധ കുർബാനയിൽ ഈശോ നൽകുന്നത് തന്റെ പക്കലുള്ള എന്തെങ്കിലുമല്ല; മറിച്ച്, തന്നെത്തന്നെയാണ്. ഈശോ പറയുന്നു: “സ്വർഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51). വിശുദ്ധ കുർബാനയിലൂടെ ഈശോ നമ്മോട് ഒന്നായിത്തീരുന്നു. ഇത് കേവലം ഒരു പ്രതീകാത്മക ചടങ്ങല്ല, മറിച്ച് ക്രിസ്തുവുമായുള്ള ഗാഢമായ ഐക്യമാണ്. “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (യോഹ 6:56) എന്ന വാഗ്ദാനം ഓരോ കുർബാനയിലും നിറവേറുന്നു. മനുഷ്യരോടുള്ള അഗാധമായ സ്നേഹം നിമിത്തം അവരെ തന്നോട് ചേർത്തുനിർത്താൻ ഈശോ കണ്ടെത്തിയ സ്നേഹരഹസ്യമാണ് വിശുദ്ധ കുർബാന.
► സ്നേഹത്തിന്റെ കല്പന
പെസഹാവ്യാഴം നമുക്കു നൽകുന്ന സന്ദേശം സ്നേഹത്തിന്റേതാണ്. നമ്മെ നയിക്കുന്ന ഇടയൻ നമ്മുടെ പാപങ്ങൾക്കായി കുഞ്ഞാടായി മാറി. വിശുദ്ധ കുർബാനയിലൂടെ ഇന്നും ആ ഇടയൻ നമ്മുടെ കൂടെയുണ്ട്, ആ കുഞ്ഞാടിന്റെ ബലി ഇന്നും നമുക്കു രക്ഷയേകുന്നു. പെസഹാവ്യാഴം വെറുമൊരു ചരിത്രസംഭവത്തിന്റെ അനുസ്മരണമല്ല. മറിച്ച്, ഓരോ ക്രൈസ്തവനും തന്റെ ജീവിതത്തിൽ പകർത്തേണ്ട സ്നേഹത്തിന്റെ കല്പനയാണ്. നമ്മെ നയിക്കുന്ന ഇടയൻ നമുക്കായി കുഞ്ഞാടായി മാറിയതുപോലെ, മറ്റുള്ളവർക്കുവേണ്ടി സ്വയം മുറിച്ചു നൽകാനും വിനയത്തോടെ ശുശ്രൂഷിക്കാനും നമുക്കു സാധിക്കണം. തന്റെ സ്നേഹം ലോകമെങ്ങും പങ്കുവയ്ക്കാൻ ഈശോ നമ്മെ ക്ഷണിക്കുന്നു. അപരന്റെ വേദനകളിൽ പങ്കുചേരുമ്പോഴും, വിനയത്തോടെ മറ്റുള്ളവരെ സേവിക്കുമ്പോഴും മാത്രമാണ് നമ്മുടെ പെസഹാ ആചരണങ്ങൾ പൂർണമാകുന്നത്.
Kerala
പാലാരിവട്ടം: കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും പാലാരിവട്ടം പിഒസിയില്‍ നടന്നു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെഎല്‍എം വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ് അധ്യക്ഷത വഹിച്ചു.
വനിതകളുടെ സാമ്പത്തിക ശക്തീകരണവും സ്വയംതൊഴില്‍ സാധ്യതകളും ലക്ഷ്യമിട്ടാണു സെമിനാര്‍ സംഘടിപ്പിച്ചത്. വിരല്‍തുമ്പിലൂടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ രാജഗോപാല്‍ ക്ലാസ് നയിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. അരുണ്‍ വലിയതാഴത്ത്, പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍, ജനറല്‍ സെക്രട്ടറി ഡിക്സന് മനീക്ക്, ട്രഷറര്‍ അഡ്വ. തോമസ് മാത്യു, സിസ്റ്റര്‍ ലീന, കെ.ടി. റോസമ്മ, കെ.യു. ജോണി എന്നിവര്‍ പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ: ആനമങ്ങാട് കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ഉണ്ടായ അക്രമസംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ക്രിമിനൽ കേസ് പ്രതിയും ആനമങ്ങാട് സ്വദേശിയുമായ ചോലക്കൽ ജയരാജ് (31), ചിറ്റോടിയിൽ ജിഷ്ണു (26), ആനമങ്ങാട് വടക്കൻ സിറ്റി സ്വദേശി മാങ്ങന്പറ്റ കൃഷ്ണകുമാർ (37), കാറൽമണ്ണ സ്വദേശി മുക്കിൽ സുജിത്ത് (21) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിനും മൂന്നിനുമാണ് കേസിനാസ്പദമായ സംഭവം. രണ്ടിന് രാത്രി എട്ടരയോടെ ആനമങ്ങാട് കുന്നുമ്മൽ ക്ഷേത്രത്തിലെ പൂരത്തിനോടനുബന്ധിച്ച് മുഴന്നമണ്ണ ദേശക്കാരുടെ വേലവരവിൽ പങ്കെടുത്ത് വരും വഴി കുന്നുമ്മൽ ക്ഷേത്ര ഗ്രൗണ്ടിന് സമീപത്ത് വച്ച് പ്രതികൾ മുഴന്നമണ്ണ സ്വദേശി സ്വരൂപിനെ മർദിക്കുകയും ഇരുന്പ് വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
മൂന്നിന് രാത്രി 11ഓടെ മുഴന്നമണ്ണ സ്വദേശി അക്ഷയ്കുമാറിനെയും സുഹൃത്തിനെയും സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ അക്ഷയ്കുമാറിന് പെരിന്തൽമണ്ണ ആശുപത്രിയിൽനിന്ന് പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വരൂപിനും സാരമായ പരിക്കുണ്ട്. ജയരാജിനെതിരേ അഞ്ച് ക്രിമിനൽ കേസുകളുള്ളതായി പോലീസ് അറിയിച്ചു.
District News
വെള്ളിക്കുളങ്ങര: ഉത്സവാഘോഷത്തിനിടെ മധ്യവയസ്ക കുഴഞ്ഞുവീണ് മരിച്ചു. വെള്ളിക്കുളങ്ങര ഇത്തനോളി പട്ടികവർഗ ഉന്നതിയിലെ ഊരകത്ത് ചെറിയാന്റെ മകൾ സുലോചന(49)യാണ് വെള്ളിക്കുളങ്ങര നരസിംഹ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. സംസ്കാരം നടത്തി. മാതാവ്: കുഞ്ഞിപ്പെണ്ണ്. സഹോദരങ്ങൾ: ശ്രീധരൻ, മനോജ്, സുബ്രൻ, ശാന്ത, ഓമന.
District News
കണ്ണൂർ: സംസ്ഥാന തദ്ദേശ ദിനാഘോഷം 18,19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂരിൽ നടക്കും. ദിനാഘോഷത്തിന്റെ ഉദ്ഘാടനം 18ന് രാവിലെ ഒന്‍പതിന് കെഎപി ഗ്രൗണ്ടിൽ തദ്ദേശമന്ത്രി എം.ബി. രാജേഷും സമാപന സമ്മേളനം 19ന് കെഎപി ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഈ വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സമാപന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി വിതരണം ചെയ്യും. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി 13 മുതല്‍ 19 വരെ കള്‍ച്ചറല്‍ ഫെസ്റ്റ്, 21 മുതല്‍ 23 വരെ ഐഎഫ്എഫ്കെ റീജണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയും നടക്കും.
അതിദാരിദ്ര്യ നിര്‍മാര്‍ജനം മുതല്‍ കെ-സ്മാര്‍ട്ട്, ഡിജിറ്റല്‍ സാക്ഷരത വരെയുള്ള വിവിധ പദ്ധതികളുടെ വിലയിരുത്തലും ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പ്രതിനിധി സമ്മേളനത്തില്‍ നടക്കും. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി വിവിധ അക്കാഡമിക് സെഷനുകളും നടക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും രണ്ടു ദിവസങ്ങളിലായി നടക്കുന്ന തദ്ദേശ ദിനാഘോഷത്തില്‍ പങ്കാളികളാകും.
ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടില്‍ 13 മുതല്‍ 19 വരെ വികസന എക്സിബിഷന്, കുടുംബശ്രീ ഇന്ത്യാ ഫുഡ് കോര്‍ട്ട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിപണന സ്റ്റാളുകള്‍ എന്നിവ ഒരുക്കും. 14 മുതല്‍ 19 വരെ ഉച്ചകഴിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കലാമത്സരങ്ങള്‍ നടക്കും. ഒപ്പന, തിരുവാതിര, ഗ്രൂപ്പ് നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ കേരളോത്സവത്തില്‍ ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ക്കായുള്ള മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിഭാഗത്തില്‍ ജില്ലാതല കൈകൊട്ടിക്കളി മത്സരം, മെഹന്തി ഫെസ്റ്റ്, വിവിധ രചനാമത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
13 മുതല്‍ 19 വരെ എല്ലാ ദിവസവും രാത്രി എട്ടു മുതൽ ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ പ്രമുഖ കലാകാരന്മാരെ അണിനിരത്തി മെഗാ ഷോകളും ഉണ്ടായിരിക്കും. 13ന് രാത്രി എട്ടിന് വിധുപ്രതാപ് , 14ന് ശ്രീരാഗ് ഭരതന്, അനുശ്രീ (സ്റ്റാര്‍ സിംഗര്‍) ഗാനമേള മഹാലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന "ദി റിഫ്ലക്ഷൻ നൃത്താവിഷ്ക്കാരം എന്നിവ അരങ്ങേറും. 15ന് രമ്യ നമ്പീശന്റെ നൃത്തപരിപാടിയും മാംഗോസ്റ്റീന്‍ ക്ലബ് ബാന്‍ഡ് പെര്‍ഫോമന്‍സും നടക്കും.
16ന് മെഹ്ഫില്‍ ഇ സമ സൂഫി ബാൻഡ്, 17ന് റിമി ടോമിയുടെ ഗാനമേള,18ന് ജോബ് കുര്യന്റെ ഗാനമേള, റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന "മാമാങ്കം' നൃത്തപരിപാടി എന്നിവയും നടക്കും. 19ന് വേടന്റെ റാപ്പ് പെര്‍ഫോമന്‍സോടെ മെഗാ ഷോകള്‍ക്ക് സമാപനമാകും.
എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടില്‍ 13 മുതല്‍ 17 വരെ എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഒന്നുവരെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സെമിനാറുകള്‍ നടക്കും.14ന് പ്രാദേശിക സര്‍ക്കാരുകളുടെ വിജ്ഞാനസാംസ്കാരിക നയപരിപാടികളും ലൈബ്രറികളും 15ന് 'ഉത്തരവാദിത്വ ടൂറിസവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും' 16ന് "ദുരന്ത നിവാരണവും പ്രാദേശിക ഭരണകൂടങ്ങളും' 17ന് സംരംഭകത്വം , സ്റ്റാര്‍ട്ടപ്പ് ,ഇക്കോസിസ്റ്റം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, വി.അബ്ദുറഹിമാൻ ഉള്‍പ്പെടെയുള്ളവര്‍ വിവിധ ദിവസങ്ങളിലെത്തും. മാങ്ങാട്ടുപറമ്പ് ഗവ. എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടിലും ആന്തൂര്‍ നഗരസഭാ ഗ്രൗണ്ടിലുമായി നടക്കുന്ന എല്ലാ പരിപാടികള്‍ക്കും പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സതീദേവി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ.അരുണ്‍ എന്നിവരും പങ്കെടുത്തു.
District News
എരുമപ്പെട്ടി തിരുനാളിനു കൊടിയേറി
എരുമപ്പെട്ടി: തിരുഹൃദയ ഫൊറോനാ പള്ളിയിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റേയും വിശുദ്ധ സെബസ്റ്റ്യാനോസിന്റേയും വിശുദ്ധ അന്തോണീസിന്റേയും സംയുക്തതിരുനാളിനും കൊടിയേറി. വികാരി ഫാ. ജോഷി ആളൂർ കൊടിയേറ്റം നിർവഹിച്ചു. ഇന്നുമുതൽ ഫെബ്രുവരി ആറുവരെ എല്ലാ ദിവസവും വൈകുന്നേരം 6.30 ന് നവനാൾകുർബാന.
ഫെബ്രുവരി ഏഴിനു രാവിലെ ആറിന് ആഘോഷമായ കുർബാന, തുടർന്ന് വിശുദ്ധരുടെ രൂപം എഴുന്നള്ളിക്കൽ. യൂണിറ്റുകളിലേക്കുള്ള അമ്പ്, വള ആശീർവാദം. അന്നേദിവസം വൈകുന്നേരം 12 ന് യൂണിറ്റുകളിൽനിന്നുള്ള അമ്പ്, വള എഴുന്നള്ളിപ്പുകൾ പള്ളിയിൽ എത്തിച്ചേരും. തിരുനാൾദിനമായ ഫെബ്രുവരി എട്ടിനു രാവിലെ ആറിനും വൈകീട്ട് നാലിനും വിശുദ്ധകുർബാന. രാവിലെ 10.30 ന് ആഘോഷമായ തിരുനാൾബലിയർപ്പണം. ഉച്ചയ്ക്കു വിശുദ്ധ കുർബാനയ്ക്കുശേഷം തിരുനാൾപ്രദക്ഷിണം.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോഷി ആളൂർ, അസി. വികാരി ഫാ. ജീസ് അക്കരപ്പട്ട്യേക്കൽ, കൈക്കാരന്മാരായ കെ.എ. ബേബി, ജോയ് ആന്റണി, എം.കെ. ജോഷി, കെ.എ. രാജു, തിരുനാൾ ജനറൽ കൺവീനർ എം.കെ. ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ചൂണ്ടൽ സാൻതോം പള്ളിയിൽ തിരുനാൾ നാളെ
ചൂണ്ടൽ: സാൻതോം ചർച്ച് ഉണ്ണീശോ തീർഥകേന്ദ്രത്തിൽ ഉണ്ണീശോയുടെയും പരിശുദ്ധ കന്യകാമാതാവിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും വിശുദ്ധ സെബസ്റ്റ്യാനോസിന്റേയും ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന് തുടക്കമായി. ഇന്നു രാവിലെ 6.15 നുള്ള വിശുദ്ധ കുർബാനയ്ക്കും തുടർന്ന് വീടുകളിലേക്കുള്ള അമ്പു വെഞ്ചരിപ്പ്, കൂടുതുറക്കൽ ശുശ്രൂഷ എന്നിവയ്ക്ക് ബിഷപ് മാർ ബോസ്കോ പുത്തൂർ കാർമികനാകും. രാത്രി 11ന് വിവിധ യൂണിറ്റുകളിൽനിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് പള്ളിയിൽ എത്തിച്ചേരും.
തിരുനാൾദിനമായ നാളെ രാവിലെ 6.15 നും 10 നും ഉച്ചതിരിഞ്ഞ് 4.30 നും വിശുദ്ധ കുർബാന. രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. ജോസഫ് ആലപ്പാട്ട് മുഖ്യകാർമികാനാകും. ഫാ.ഡോ. ഫ്രാൻസിസ് ആളൂർ തിരുനാൾ സന്ദേശം നൽകും. ഫാ. ജോഷി ചൂണ്ടൽ സഹകാർമികനാകും. 4.30 നുള്ള ബലിയർപ്പണത്തിനുശേഷം തിരുനാൾപ്രദക്ഷിണവും തുടർന്ന് വർണമഴയും ഉണ്ടാകും. തിങ്കളാഴ്ച പൂർവികരുടെ അനുസ്മരണബലിയും വൈകീട്ട് ഏഴിനു ഗാനമേളയും ഉണ്ടായിരിക്കും. ഇടവകവികാരി ഫാ.ഡേവിസ് പുലിക്കോട്ടിൽ, ജനറൽ കൺവീനർ ജോയ് അറയ്ക്കൽ, കൈക്കാരന്മാരായ സി.ജെ. ഫ്രാൻസിസ്, എം.ഒ. ഫിലിപ്പ്, തോംസൺ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
വലപ്പാട് തിരുനാളിനു തുടക്കമായി
തൃപ്രയാർ: വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ വിശുദ്ധ സെബസ്റ്റ്യാനോസ് സഹദായുടെ 526-ാം അമ്പുതിരുനാളിനു തുടക്കമായി. ഇടവകവികാരി ഫാ. ജെൻസ് തട്ടിലിന്റെ കാർമികത്വത്തിൽ വേസ്പര ശുശ്രൂഷയ്ക്കുശേഷം വൈകീട്ട് തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു. കൈക്കാരന്മാരായ എ.എൻ.പി. ജോൺസൺ, ഡെൻസൻ ഫ്രാൻസിസ്, ജിജോ ജോസ്, ജനറൽ കൺവീനർ ഷിജോ പുത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നും നാളെയുമാണ് തിരുനാൾ.
District News
തിരുവനന്തപുരം: വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർഥാടന കേന്ദ്രമായ വേളി സെന്റ് തോമസ് പള്ളിയിൽ ഫെബ്രുവരി ആറിനു 15ന് അവസാനിക്കുന്ന വിശുദ്ധ അന്തോനീസിന്റെ തിരുനാളിനോടനുബന്ധിച്ച് ആലോചനായോഗം ചേർന്നു.
കടകംപള്ളി സുരേന്ദ്രൻ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, കൗണ്‍സിലര്‍ സുധീഷ് കുമാര്‍, ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിന്, സഹവികാരി ഫാ. ടിനു ആല്ബിന് സേവ്യര്‍, ഇടവക സെക്രട്ടറി ആന്സലോണ് ഡോറസ്, ഇടവക കോ-ഓർഡിനേറ്റര്‍ ജോയി മാര്‍ഷന്‍, ട്രഷറര്‍ ലൂക്കോസ് ലാസര്‍, വൈസ് പ്രസിഡന്റ് ശശി ഐസക്, കണ്‍വീനര്‍ ബാബു ലോപ്പസ്, ഇടവക കമ്മിറ്റി അംഗങ്ങളായ ജോയി ജേക്കബ്, സുരിജി ബെഞ്ചമിന്‍, കെജിറ്റന് സേവ്യര്‍, സൂസി ജെറാള്‍ഡ്, ജൂഡിറ്റ് സന്തോഷ്, തോബിയാസ് റോക്കി, ജെസ്ലറ്റ് ജോണ്സണ്, ഡെല്ഫിന് ന്യൂട്ടന്, രാജന് ജോസഫ്, രജനി അനില്‍, ഷീജ പത്രോസ്, റോക്കി രാജു, സ്വപ്ന എഡ്വേര്‍ഡ്, മാഗ്ളിന് അലോഷ്യസ്, ജോണ്‍ സുരേഷ്, മറിയം സജന് എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി ആറിനു വൈകുന്നേരം സമൂഹ ബലിയോടെ ആരംഭിച്ചു വേളി ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിന് കൊടിയേറ്റുന്നതോടെ തിരുനാളിനു തുടക്കമാകും. തുടര്‍ ദിവസങ്ങളില്‍ വൈകുന്നേരം ജപമാല, നൊവേന, സമൂഹബലി എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 14നു ചെണ്ടമേളം, ബാന്‍ഡ് എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപ പ്രദക്ഷിണം നടത്തും.
15നു ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹബലിക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന് റവ. ഡോ. ആർ. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും.
കൃതജ്ഞതാദിനമായ 17നു വൈകുന്നേരം സമൂഹബലിക്ക് ശേഷം കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും. തിരുനാളിനു മുന്നോടിയായി കോട്ടയം ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഫാ. ജീന്‍സും സംഘവും നയിക്കുന്ന ഒരുക്ക ധ്യാനവും ഉണ്ടായിരിക്കും.
Kerala
കൊച്ചി: പുതുവർഷാഘോഷം പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ അധിക സർവീസുകൾ നടത്തും. ബുധനാഴ്ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ - ഹൈക്കോർട്ട് റൂട്ടിൽ സർവീസ് നടത്തും.
ഹൈക്കോർട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുമായും കണക്ട് ചെയ്യാൻ ഹൈക്കോർട്ട് - എംജി റോഡ് സർക്കുലർ ബസ് പുലർച്ചെ നാലുവരെ സർവീസ് നടത്തും. മെട്രോ ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും.
ആലുവയിൽ നിന്നും തൃപ്പൂണിത്തുറ നിന്നും ലാസ്റ്റ് സർവീസ് രാത്രി 1.30 ന് പുറപ്പെടും. ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള ലാസ്റ്റ് സർവീസ് രാത്രി രണ്ടിന് പുറപ്പെടും.
ജനുവരി മൂന്നു വരെ ഇടപ്പള്ളിയിൽ നിന്ന് അലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11വരെ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് അധികൃതർ പറഞ്ഞു.
Kerala
തൃശൂര്‍: ബോൺ നത്താലെയ്ക്ക് ടൂറിസം മേഖലയിൽ പ്രത്യേക പ്രാധാന്യമുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ഇന്ത്യയുടെയും അതിന്റെ മൂല്യങ്ങളുടെയും മൃദുലമായ ഒരു അംബാസഡറായാണ് ഈ ഉത്സവത്തെ കാണുന്നത്.
നിറങ്ങളും കൂട്ടായ സന്തോഷവുംകൊണ്ട് സ്വരാജ് റൗണ്ട് സജീവമാകുമ്പോൾ പൈതൃകത്തിൽ ആത്മവിശ്വാസമുള്ള ഒരു നഗരത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ബോൺ നത്താലെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കും.
ചെറുകിട ബിസിനസുകൾക്ക് ഊർജം നൽകുകയും ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്തുകയും ആഗോള ടൂറിസം ഭൂപടത്തിൽ തൃശൂരിനെ ഉറപ്പിച്ചുനിർത്തുകയും ചെയ്യുന്നു. ആഘോഷങ്ങൾ അവസരങ്ങളായി മാറുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തൃശൂര്‍: ആയിരക്കണക്കിനു സാന്താപുഷ്പങ്ങൾ പൂത്തൊഴുകുന്ന ക്രിസ്മസ് തടാകമായി പൂരനഗരി. ക്രിസ്മസ് ഗാനങ്ങൾക്കു നൃത്തച്ചുവടുകളുമായി കൈവഴിയായി ഒഴുയെത്തിയ സാന്താക്ലോസുമാർ. ക്രിസ്മസ് കുളിർമയിൽ ചുവന്നുതുടുത്ത് പൂരനഗരി. ഇതു തൃശൂരിന്റെ സ്വന്തം ബോൺ നത്താലെ!
ഭക്തിനിർഭരമായ ക്രിസ്മസ് രാവിന്റെ ആത്മീയതയിൽനിന്ന് പാപ്പാപ്പൂരത്തിന്റെ മാസ്മരിക ദൃശ്യങ്ങൾ പകർന്ന് ഒഴുകുകയായിരുന്നു നഗരം. ഒരേ താളത്തില്‍ ചുവടുവച്ച പാപ്പാമാരുടെ ഫ്ലാഷ് മോബ് നൃത്തങ്ങളും മനോഹരമായ നിശ്ചലദൃശ്യങ്ങളും സാംസ്കാരിക നഗരിയിൽ വിസ്മയക്കാഴ്ചകളൊരുക്കി.
ക്രിസ്മസ് ആഘോഷത്തിമർപ്പുമായി വൈകിട്ട് അഞ്ചോടെയാണ് ബോൺ നത്താലെ റാലി നഗരമുഖത്തെത്തിയത്. പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാർ നഗരത്തെ ചുവപ്പണിയിച്ച് സ്വരാജ് റൗണ്ട് ചുറ്റി. പ്രത്യേകം തയാറാക്കിയ പാട്ടിനനുസരിച്ചായിരുന്നു നൃത്തച്ചുവടുകൾ. തൃശൂർ സെന്റ് തോമസ് കോളജിൽനിന്നായിരുന്നു റാലിയുടെ തുടക്കം.
ബോൺ നത്താലെ ആവേശം പടർത്തി വേനൽത്തുന്പികളെപ്പോലെ സ്കേറ്റിംഗ് പാപ്പാമാരാണു സ്വരാജ് റൗണ്ടിലേക്ക് ഇരന്പിക്കയറിയത്. അതിനു പിറകിലായി സമ്മാനങ്ങൾ വാരിവിതറി റോബോട്ട് പാപ്പയും, പറക്കുന്ന ഡ്രോൺ പാപ്പയും. എഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ആവിഷ്കാരങ്ങളൊക്കി മികവുപുലർത്തിയത് ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളും അധ്യാപകരുമാണ്.
തൊട്ടുപിറകിൽ കുതിരവണ്ടിയിൽ മന്ദംമന്ദം തിരുകുടുംബം. അതിനു പിറകിലായിരുന്നു ബോൺ നത്താലെയുടെ പ്രമുഖരടങ്ങുന്ന നേതൃനിര. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മേയർ നിജി ജസ്റ്റിൻ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ്, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവരാണു തൃശൂര പൗരാവലിയുടെയും തൃശൂർ അതിരൂപതയുടെയും നേതൃത്വത്തിലുള്ള ബോണ്‍ നത്താലെ ഘോഷയാത്രയെ തൃശൂരിന്റെ സാംസ്കാരികോത്സവമാക്കി നയിച്ചത്.
തൊട്ടുപിറകിലായി വീൽച്ചെയർ പാപ്പമാർ കാഴ്ചക്കാരുടെ മനംകവർന്നു. കുതിര രഥത്തിലേറിയ വലിയ കുടുംബത്തെ കൗതുകത്തോടെയാണു കാണികൾ വരവേറ്റത്. അതിനുശേഷമാണു ബോൺ നത്താലെയുടെ ആവേശത്തിരകളുയർത്തി ആസ്വാദകരെ ആനന്ദത്തിലാറാടിച്ച ഫ്ലാഷ് മോബ് കളിക്കുന്ന പാപ്പമാർ അണിനിരന്നത്. ഒരോ ഇടവകയിലെയും ഇത്തരം ഡാൻസിംഗ് പാപ്പാസംഘങ്ങൾക്കിടയിലായാണ് ഫ്ലോട്ടുകളും ടാബ്ലോകളും ദൃശ്യവിസ്മയമൊരുക്കിയത്.
കേരളത്തിന്റെ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ദീപിക പത്രം, അർണോസ് പാതി, ചാവറയച്ചൻ എന്നിവരുടെ ദൃശ്യങ്ങളുമായി ഭാരതത്തിനു ക്രൈസ്തവരുടെ സംഭാവനകൾ ഓർമിപ്പിക്കുന്ന ഫ്ലോട്ട്, മദർ തെരേസയ്ക്കു ചുറ്റും കൊൽക്കത്തയിലെ തെരുവുകാഴ്ചകൾ, മോശയും 10 ദൈവ കല്പനകളും, ദാവീദും ഗോലിയാത്തും, സാംസൺ സിംഹത്തിന്റെ തലതകർക്കുന്ന ദൃശ്യം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു.
ഗലീലി തടാകത്തിൽ യേശുവും ശിഷ്യന്മാരും, തൃശൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പൂരപ്രൗഢിയുടെ നേർക്കാഴ്ചയൊരുക്കി തെക്കേഗോപുരനട തള്ളിത്തുറന്നുവരുന്ന ചമയാലങ്കാരവിഭൂഷിതമായ കരിവീരച്ചന്തം, പുലിക്കളി, കൂടിയാട്ടം, കഥകളി, ഭരതനാട്യം, ഒപ്പന, മാർഗംകളി എന്നിവയും അണിനിരന്നു.
വിവിധ മതപുരോഹിതന്മാർ അണിനിരന്ന മതമൈത്രി സന്ദേശമുയർത്തുന്ന ടാബ്ലോ, എഡി 52ൽ വിശുദ്ധ തോമാശ്ലീഹായുടെ ഭാരതപ്രവേശനം ഓർമിപ്പിച്ചുകൊണ്ട് പാലയൂർ പള്ളിയുടെ പശ്ചാത്തലത്തിലുള്ള ദൃശ്യം, പുതിയ പാർലമെന്റ് മന്ദിരത്തിനുമുന്പിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിലേക്കു നോക്കിനിൽക്കുന്ന കുട്ടികൾ തുടങ്ങി മൊത്തം 17 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ ബോൺ നത്താലെയിൽ ആസ്വാദകർക്കു ക്രിസ്മസ് ദൃശ്യവിരുന്നൊരുക്കിയത്.
അതിരൂപതയിലെ 16 ഫൊറോനകൾക്കു കീഴിലെ 230 ഇടവകകളിലെ പ്രതിനിധികളാണു ബോൺ നത്താലെയിൽ പങ്കെടുത്തത്. 165 പള്ളികളിൽനിന്നു പാപ്പമാരെത്തി. ചിത്രകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തിലാണു നിശ്ചലദൃശ്യങ്ങൾ ആവിഷ്കരിച്ചത്.
സ്വരാജ് റൗണ്ട് ചുറ്റിയ ഘോഷയാത്ര രാത്രി ഏറെ വൈകി സെന്റ് തോമസ് കോളജില്‍ തന്നെ സമാപിച്ചു. ബോണ്‍ നത്താലെ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചമുതൽ സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Special News
ഉണ്ണിയേശുവിന് ഹല്ലേലൂയ്യ പാടിയെത്തുന്ന കരോൾ സംഘങ്ങൾക്ക് താളമേളമേകാൻ അനിയൻ റെഡി. ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ താളാത്മകമായ ഗാനങ്ങളുമായി ഭവനങ്ങളിലെത്തുന്ന കരോൾ സംഘങ്ങൾക്ക് അനിയനെ മാറ്റിനിർത്താൻ കഴിയില്ല.
ക്രിസ്മസ് രാവിന്റെ കുളിർമയെ സംഗീതസാന്ദ്രമാക്കുന്നത് അനിയന്റെ ജീവിത താളം കൂടി ചേർത്താണ്. ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമാക്കി ആഹ്ലാദത്തിമിർപ്പിൽ നാടും വീടും ഒരുങ്ങുമ്പോൾ രാവിന് സംഗീതം പൊഴിച്ചെത്തുന്ന കരോൾ സംഘങ്ങളുടെ താളമേള കൊഴുപ്പിന്റെ സംഗീത ഉപകരണങ്ങളിൽ പരുമല ചന്ദപുരയിടത്തിൽ സെബാസ്റ്റ്യൻ എന്ന അനിയന്റെ (69) താളമുദ്ര പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നാലര പതിറ്റാണ്ടായി ഡ്രം, സൈഡ്രം തുടങ്ങി കരോളിന് ആവശ്യമയ എല്ലാ സംഗീത ഉപകരണങ്ങളും റിപ്പയറിംഗും വിൽപ്പനയുമായി കരോൾ സംഘങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അനിയൻ ചേട്ടൻ.
ആഘോഷവേളകളിൽ പള്ളികൾ, ക്ലബ്ബുകൾ, ക്രിസ്മസ് കരോൾ സംഘങ്ങൾ എന്നിവർക്ക് ഡ്രമ്മുകൾ വിലയ്ക്കും വാടകയ്ക്കും വാങ്ങുന്നതിനും പഴയവ അറ്റകുറ്റപ്പണികൾ നടത്തിയെടുക്കുന്നതിനും അനിയന്റെ മാന്നാർ പരുമലക്കടവിലാണ് ഇത്തരം സംഘങ്ങൾ എത്തുന്നത്.
അനിയൻ ഡ്രം സെറ്റുകളുടെ വിൽപ്പനയും അറ്റകുറ്റപ്പണിയുമായിട്ടാണ് ജീവിതത്തിന്റെ താളങ്ങൾ ചിട്ടപ്പെടുത്തുന്നത്. പരുമല പള്ളിയുടെ സമീപത്തുള്ള അനിയന്റെ കടയിലും ഇത്തരം സാധനങ്ങൾക്കായി ആവശ്യക്കാർ എത്തും.
നക്ഷത്രവിളക്കുകൾ, അലങ്കാര വിളക്കുകൾ, സമ്മാന വസ്തുക്കൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്. ഇവ കൂടാതെ മറ്റു സംഗീത ഉപകരണങ്ങളായ ഗിത്താർ, തബല, ബാന്റ് സംഘങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവയ്ക്കും ആവശ്യക്കാർ അനിയൻ ചേട്ടന്റെ കട തേടിയാണ് എത്തുന്നത്.
തലമുറ വ്യത്യാസമില്ലാതെ ക്രിസ്മസ് കാലത്ത് അനിയൻ ചേട്ടനെ അന്വേഷിച്ച് ഇത്തരം സംഘങ്ങൾ എത്തും. ഡ്രമ്മുകളുടെ തല അഥവാ തുകൽ മാറ്റിവയ്ക്കലാണ് ഈ സീസണിലെ പ്രധാന ജോലി. കേടുപാടുകൾ വന്നതും ദ്രവിച്ചതുമായ തുകൽ മാറ്റി നല്ല നിലവാരമുള്ള പുതിയവ പിടിപ്പിച്ച് നൽകും.
ഉത്തരപ്രദേശിലെ മീററ്റിൽനിന്നു സ്പെയർ ഭാഗങ്ങൾ എത്തിച്ചാണ് ഡ്രമ്മുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. കരോൾ ദിനങ്ങൾ എത്തുമ്പോഴേക്കും വിവിധ ജില്ലകളിൽനിന്നുള്ള വർ മാന്നാറിലെ ഈ കട തേടിയെത്താറുണ്ട്.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം നടത്തുന്ന ആഹ്ലാദ പ്രകടനങ്ങൾക്ക് കോഴിക്കോട് റൂറലിൽ നിയന്ത്രണമേർപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രകടനങ്ങൾ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾക്കൊപ്പം മാത്രമേ പാടുള്ളൂ. നാസിക് ഡോൾ അടക്കമുള്ള ശബ്ദ സംവിധാനങ്ങൾക്കും വിലക്കുണ്ട്. ബൈക്കുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തരുതെന്നും നിർദേശമുണ്ട്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് കോർപറേഷനിലെ വോട്ടുകൾ എണ്ണുന്നത്.
Kerala
തിരുവനന്തപുരം: ഡിസംബർ നാലിന് ശംഖുംമുഖത്ത് നടത്തുന്ന നാവികസേനാദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ആഘോഷത്തിനായി നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തലസ്ഥാനത്തെത്തും.
സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും. ആഘോഷത്തിനു മുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.
പതിവായി ഡൽഹിയിൽ നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ദിനാഘോഷത്തിന്റെ ഭാഗമായി ശംഖുംമുഖം തീരം മോടികൂട്ടുന്ന ജോലികൾ തുടരുകയാണ്.
14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡ് മുതൽ സുനാമി പാർക്കിനു സമീപംവരെ 370 മീറ്ററാണ് നവീകരിക്കുന്നത്. മുൻപുണ്ടായിരുന്നതുപോലെ പടികളും റാമ്പും നിർമിക്കും.
കടലേറ്റത്തിലാണ് ശംഖുംമുഖത്തുണ്ടായിരുന്ന പടികൾ തകർന്നത്. സ്റ്റേഡിയത്തിന്റെ ഗാലറി പോലെ ആറു പടികളാണ് നിർമിക്കുക. ഇതിനു താഴെ കല്ലുകളിട്ട് തിരയടി തടയാനുള്ള സംവിധാനമുണ്ടാക്കും. കടലേറ്റമുണ്ടാകുന്ന സമയങ്ങളിൽ പടികളെ സംരക്ഷിക്കാനാണ് കല്ലിടുന്നത്.
അല്ലാത്ത സമയത്ത് തീരത്ത് മണ്ണടിയുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേവി ദിനാഘോഷത്തിന്റെ ഭാഗമായി ജിയോബാഗുകളുപയോഗിച്ചാവും തീരം ശക്തിപ്പെടുത്തുക.
Kerala
തൃപ്പൂണിത്തുറ: ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ അത്താഘോഷം തുടങ്ങി. കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് ജനായത്ത ഭരണത്തിലെ അത്തം ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.
അത്തം നാളില്‍ തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. ചമയാഘോഷങ്ങളുടെ ഉദ്ഘാടനത്തിന് പിന്നാലെ അത്തപ്പതാക ഉയര്‍ന്നതോടെ അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അമിട്ടുകള്‍ ആകാശത്തേക്കുയര്‍ന്നു.
അത്തം നഗറില്‍ വേഷമിട്ട് നിന്ന കലാരൂപങ്ങള്‍ വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ ആദ്യ ചുവടുകള്‍ വച്ചതോടെ അത്തം നഗര്‍ വര്‍ണക്കടലായി. ചെമ്പിലരയനും കരിങ്ങാച്ചിറ കത്തനാരും നെട്ടൂര്‍ തങ്ങളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കഴിഞ്ഞതോടെ വര്‍ണ മനോഹരമായ അത്തം ഘോഷയാത്ര നഗരത്തിലേക്കിറങ്ങി.
മൂവായിരത്തിലധികം കലാകാരന്മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കിയത്. മഹാബലി, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, നകാര, പല്ലക്ക്, പുലികളി, കളരിപ്പയറ്റ്, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങള്‍, തകില്, ചെണ്ടമേളം, ബാന്‍ഡ് മേളം, തമ്പോല മേളം, കാവടി, തെയ്യം, തിറ, പടയണി, കെട്ടുകാള, ആലാമികളി, ഗരുഡന് പറവ, ഡോള്‍ ഡാന്‍സ്, ദേവനൃത്തം, അര്‍ജുനനൃത്തം തുടങ്ങി ഒട്ടനവധിയായ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് പൊലിമയേകി.
അത്തം നഗറില്‍ നിന്നും പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട വഴി എസ്.എന്‍.ജംഗ്ഷനിലെത്തിയ ഘോഷയാത്ര വടക്കേക്കോട്ട, കോട്ടയ്ക്കകം, സ്റ്റാച്ച്യു ജംഗ്ഷന് വഴി തിരികെ അത്തം നഗറിലെത്തി. രാവിലെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂക്കള മത്സരത്തിന്റെ പ്രദര്‍ശനം വൈകിട്ട് നടക്കും. ലായം കൂത്തമ്പലത്തില്‍ വൈകിട്ട് നടക്കുന്ന കലാസന്ധ്യ ഉദ്ഘാടനത്തോടെ രാജനഗരി ആഘോഷ ലഹരിയില്‍ അമരും.
രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം
തൃപ്പൂണിത്തുറ: അത്തം ഘോഷയാത്ര നടക്കുന്ന തൃപ്പൂണിത്തുറയിൽ ഇന്നു രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കും പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപ്പാസ് വഴി പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കര വഴി പോകണം.
എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി പോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിലെത്തി ഇരുമ്പനം ജംഗ്ഷൻ വഴി പോകണം.
വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംഗ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംഗ്ഷനിലെത്തി സീപോർട്ട്-എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിലെത്തി പോകണം. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംഗ്ഷനിലെത്തി എസ്എൻ ജംഗ്ഷൻ–പേട്ട വഴി പോകണം. വലിയ വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴിയാണ് പോകേണ്ടത്.
ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്ത്നിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്കും പ്രവേശനമുണ്ടാകില്ല.
ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിലും കണ്ണൻകുളങ്ങര മുതൽ മിനി ബൈപ്പാസ്–പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. പുതിയകാവ് ഭാഗങ്ങളിൽ നിന്നു വരുന്ന സർവീസ് ബസുകൾ സ്റ്റാൻഡിൽ കയറാതെ ഹോസ്പിറ്റൽ ജംഗ്ഷൻ – മിനി ബൈപ്പാസ് വഴി പോകണം.